Monday, December 10, 2012

എലികള്‍


ഉമ്മറത്തെ തൂണില്‍ ചാരി കാലും നീട്ടി ഇരിക്കുമ്പോള്‍ ഒരു ജീവിതകാലം മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയുടെ കൊട്ടിക്കലാശം എന്നപോലെ മഴ പെയ്യുന്നുണ്ടായിരുന്നു. ഓട്ടുപാത്രത്തിന്റെ  വിളുമ്പില്‍ തട്ടി ഒരു മഴത്തുള്ളി ചരടറ്റ മുത്തുമാല കണക്കെ ചിതറിപ്പരന്നു. നിഴല്‍ ചിത്രങ്ങള്‍ കോറിയിട്ട നരച്ച ചുവരുകള്‍ക്കരികിലും നിറം മങ്ങിയ പത്തായപ്പടികളിലും തിളങ്ങുന്ന  ചെമ്പന്‍ കണ്ണുകള്‍... കൂര്‍ത്ത ചുണ്ട് നീട്ടി മഴപ്പെയ്ത്തിനെ കൊഞ്ഞനം കാട്ടി പതുങ്ങുന്ന ജന്മങ്ങള്‍..ഹോ നശിച്ച എലികള്‍.....
ഓര്‍മ്മകളിലേക്ക് ബന്ധനങ്ങളുടെ ചരട് കടിച്ചു പൊട്ടിച്ചു കൊണ്ട് കടന്നാക്രമിക്കുന്ന എലികള്‍....

"നീ ഉണര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു... ഞാന്‍ കണ്ട സ്വപ്നത്തിന്റെ ആലസ്യം വിട്ട്  ഉണര്‍ന്നെണീക്കുമ്പോള്‍ ... നീ ഉണര്‍ച്ചയുടെ അലോസരങ്ങള്‍ ഇല്ലാത്തിടത്തായിരുന്നു ... നീ ഉറങ്ങുകയായിരുന്നു..എന്നേക്കുമായി .." ജെന്നി എന്ന ജെന്നിഫെര്‍ എപ്പോഴും എവിടെയും കുറിച്ചിടാറുള്ള വരികള്‍... ജെന്നിഫെര്‍ ... അവള്‍ ഒരു ചുണ്ടെലിക്കുഞ്ഞിനെ  പോലെയായിരുന്നു. കറുത്ത് തിളങ്ങുന്ന മുന്തിരിപ്പഴം പോലെയുള്ള കണ്ണുകള്‍... നനുത്ത മേല്‍ച്ചുണ്ടിനു മേല്‍ പറ്റിക്കിടക്കുന്ന കുഞ്ഞു ചെമ്പന്‍ രോമങ്ങള്‍.. നീണ്ടു മെലിഞ്ഞ വിരലുകള്‍... സദാ ചിലക്കുന്ന ചുണ്ടുകള്‍... എന്നിട്ടും അവളെ വിഷാദത്തിലേക്ക്  തള്ളി വിട്ടത് ഏതു ചെകുത്താനാണാവോ...
ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞു കിടന്ന വഴിയിലൂടെ കൈ കോര്‍ത്തു നടക്കുമ്പോഴെപ്പോഴോ അവള്‍ അവളുടെ കളിക്കൂട്ടുകാരനെ പറ്റി പറഞ്ഞു... എലികള്‍ക്ക് പെരുച്ചാഴികള്‍ ആവാനുള്ള മൂലധനം അവന്‍ വിലപേശി വിറ്റ അവളുടെ നനുത്ത ശരീരത്തിന്റെ വിലയാണെന്ന്  അവളെ പഠിപ്പിക്കുന്നതുവരെ... മറ്റ് എലികളെപ്പോലെ നിയമത്തിന്റെ  വലക്കണ്ണികളെയും നീണ്ടു വരുന്ന മാര്‍ജാരദൃഷ്ടികളെയും, ഒളിച്ചുവെക്കപ്പെടാവുന്ന കെണികളേയും ഓര്‍ത്ത്  അവന്റെ ഭാര്യയാകുന്നത് വരെ... അവള്‍ ചിരിക്കാന്‍ മാത്രമറിയാവുന്നവള്‍... പിന്നീട് പലപ്പോഴും  അവള്‍ ചിരിക്കുന്നതിന്റെ അര്‍ത്ഥം എനിക്കുപോലും പിടികിട്ടിയിരുന്നില്ല.. അവള്‍ അവിടവിടെയായി കോറിയിട്ടിരുന്ന അതേ വരികള്‍ സെമിത്തേരിയിലെ മാര്‍ബിള്‍ ഫലകത്തില്‍ എന്നെ നോക്കി പിന്നെയും ചിരിച്ചു കൊണ്ടിരുന്നു.
ദേവാനന്ദ്‌ എന്ന ദേവന്‍.... അച്ഛന്‍ എന്ന വാക്കിനെയും വ്യക്തിയെയും ഒരുപോലെ വെറുക്കാന്‍ പഠിച്ച... ജീവിതത്തോട് ദുര്‍മുഖം കാട്ടി തിരിച്ചു നടന്ന എലിക്കൂട്ടങ്ങളില്‍ ഒന്ന്.. ജീവിതം എന്നത്  സമര്‍ത്ഥരായ എലികള്‍ക്ക് മാത്രമുള്ളതാണെന്ന് വിശ്വസിച്ച വിഡ്ഢി...അച്ഛനെലി തുരന്നെടുത്ത അമ്മയുടെ ജീവന്‍ നെരിപ്പോട് പോലെ നെഞ്ചില്‍ സൂക്ഷിച്ച് പരിഹാസത്തിന്റെയും അപവാദത്തിന്റെയും അഗ്നിയില്‍ സ്വയം എരിഞ്ഞു തീര്‍ന്നവന്‍... അവനും പ്രതിഷേധിച്ചു " എലികളെ... നിങ്ങള്‍ തുരന്നെടുക്കുവിന്‍ എന്റെ ജീവിതത്തെ.. ജീവനിവിടെ തീരുന്നു.." ജനലഴികള്‍ അവന്റെ മരണത്തിലേക്കും അപവാദങ്ങളുടെ എലിക്കൂട്ടങ്ങളെ അഴിച്ചു വിട്ടു....
ഗീതു... അവള്‍  ഇപ്പോള്‍ എവിടെയാണോ എന്തോ... ശബ്ദം കൊണ്ട് സ്നേഹിക്കാനാവുമെന്നു പഠിച്ചത് അവളുടെ കൊഞ്ചലില്‍ നിന്ന്... മുഖമില്ലാത്ത സ്വപ്നങ്ങളെപ്പോലെ അവള്‍...  "കുഞ്ഞുങ്ങള്‍ മാലാഖമാരാണ്...ഭൂമിയിലെ മാലാഖമാര്‍..." എന്നു പറഞ്ഞത് ആരാവോ... തിരിച്ചറിവാകും മുന്നേ അച്ഛന്‍ ഓര്‍മ്മയായത് ..... ഈ മാലാഖ എന്ത് തെറ്റാണ് ചെയ്തത് . ഉത്തരവാദിത്തങ്ങള്‍ ജ്യേഷ്ഠനെ ഏല്‍പ്പിച്ച് മടങ്ങിയ അച്ഛനെ അവള്‍ക്കറിയുമോ..? ഫോണിന്റെ അങ്ങേതലക്കല്‍ മറുപടി തൊണ്ടയിലുറഞ്ഞു പോയ ഗീതുവിന്റെ വല്ല്യച്ചന്‍... പിന്നെ ഞാനറിഞ്ഞത്... വല്യച്ചനും, നല്ലപാതിക്കും കൂടെ അവള്‍........ എങ്കിലും ഉപ്പോളം വരില്ലെങ്കിലും... അവള്‍ക്കൊരമ്മയാവില്ലെങ്കിലും.... അച്ഛനല്ലെങ്കിലും......
പിച്ചവെച്ചു തുടങ്ങുമ്പോഴേ ജീവനെ കാര്‍ന്നുതിന്നുന്ന എലികളാണ്  ജീവിതം... 
ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്... ഭീരുക്കളെ പോലെ മാളങ്ങളിലേക്ക് തിരിച്ചു കയറുന്ന എലികളെപ്പോലെ ഒരു തിരിച്ചു പോക്ക്.... പക്ഷെ അപ്പോഴൊക്കെയും നീ എന്നെ പഠിപ്പിക്കുകയായിരുന്നു..വര്‍ണ്ണാഭമായ ഉറികളില്‍ തൂങ്ങിയാടുന്ന സ്വര്‍ണ്ണക്കുടങ്ങളിലെ  മധുരമാണ് ജീവിതം എന്നും... തുരന്നുണ്ടാക്കുന്ന ഓരോ വഴികളും നാനാവാതിലുകളിലേക്ക് നയിക്കുന്ന മാന്ത്രികതയാണ് ജീവിതം എന്നും...
ജീവിതകാലം മുഴുവന്‍ വഴികള്‍ തുരന്നിട്ട് കണ്ടെത്താ വാതിലുകള്‍ക്കും... കാണാമറയത്തുള്ള സ്വര്‍ണ്ണക്കുടങ്ങള്‍ക്കും വേണ്ടി പരിഭവിക്കാതെ... ജീവിതസായന്തനത്തിലും നീ കൂടെ ഉണ്ടെങ്കില്‍ എന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ .....പക്ഷെ ഇപ്പോള്‍ തനിച്ചായിപ്പോയ ഒരു എലിക്കുഞ്ഞിന്റെ കണ്ണുനീരെന്റെ ഉള്ളു പൊള്ളിക്കുന്നു..... " ഇനിയില്ല സ്വപ്‌നങ്ങള്‍ ദുഖങ്ങളും വെറും നിസ്സംഗത മാത്രമിന്നീ മനസ്സില്‍... എന്നോ മരിച്ചു മരവിച്ചു പോയൊരു മൌനദുഃഖം മാത്രമിന്നീ മനസ്സില്‍ ......എനിക്കായുപേക്ഷിച്ചു നീയും..."

2 comments:

  1. "നീ ഉണര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു... ഞാന്‍ കണ്ട സ്വപ്നത്തിന്റെ ആലസ്യം വിട്ട് ഉണര്‍ന്നെണീക്കുമ്പോള്‍ ... നീ ഉണര്‍ച്ചയുടെ അലോസരങ്ങള്‍ ഇല്ലാത്തിടത്തായിരുന്നു ... നീ ഉറങ്ങുകയായിരുന്നു..എന്നേക്കുമായി .."

    കാവ്യാംശമുള്ള വരികള്‍
    ആശംസകള്‍

    word veri എടുത്തുകളയൂ

    ReplyDelete
  2. വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി കണ്ണൂരാന്‍..
    പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട്

    ReplyDelete