Saturday, July 5, 2014

പുനർജ്ജന്മം

      
 തൃശൂർ സ്റ്റെഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെറുതെ ഒന്ന് വെളിയിൽ ഇറങ്ങി നോക്കിയതാണ്.ഒറ്റക്കുള്ള യാത്ര വല്ലാതെ മടുപ്പിക്കുന്നു.സാധാരണ ഇങ്ങനെ ഒരുയാത്ര പതിവില്ല ഇതിപ്പോൾ കുറെപേരായി ചോദിക്കുന്നു നാട്ടിൽ
പോകുന്നില്ലേ എന്ന്.നാടും വീടും ഇല്ലാത്തവൾ എവിടെ പോകാൻ,,,.

"എടോ ഞാൻ പോകുന്നു ഇനി രണ്ടുമാസം കഴിഞ്ഞു വരുമ്പോ നിന്റെ ചുരിദാർ എനിക്ക് പാകമാകുമോ എന്തോ" മെറിന്റെ സങ്കടം കേട്ടപ്പോ ചിരിവന്നു. "മമ്മിയുടെ പൊന്നുമോളെ മമ്മി ഊട്ടി ഊട്ടി ചക്കപ്പോത്ത് പോലെ ആക്കും" അവൾ തന്നെ അതിനുള്ള കാരണവും പറഞ്ഞു.സ്നേഹാധിക്യം അവൾക്കു അധികമായ അമൃത് പോലെ..എനിക്കും ഉണ്ടാവില്ലേ അങ്ങനെ ഒരു അമ്മ.ഈ ഭൂമിയിൽ എവിടെയെങ്കിലും.കണ്ണ് നിറയുന്നു.ഇതിങ്ങനെയാ നിസ്സാര കാര്യങ്ങൾക്ക് കണ്ണ് നിറയും.പക്ഷെ ജീവിതത്തിൽ ഒത്തിരി വെല്ലുവിളികളിലൂടെ കടന്നു വന്നിട്ടുംഞാൻ ഒരിക്കൽ പോലും കരഞ്ഞിട്ടില്ല.

ട്രെയിൻ പുറപ്പെടുന്നു എന്ന് അറിയിപ്പു കിട്ടി ഓടിക്കേറി വാതിക്കൽ തന്നെ
നിന്നപ്പോഴാണ് അത് കണ്ടത് ഒരു അമ്മ നന്നേ കഷ്ട്ടപ്പെട്ടു ഓടി വരുന്നു. ട്രെയിനിൽ കയറുക എന്നതാണ് ഉദ്ദേശം.കയ്യിൽ സാമാന്യത്തിലധികം
ഭാരമുള്ള ഒരു ബാഗും.ഒന്നുംനോക്കിയില്ല നീട്ടിയ കയ്യിൽ പിടിച്ചു വലിച്ചു
കയറ്റി.കഷ്ടകാലത്തിന് ആ  അമ്മയുടെ നെറ്റി ഡോറിൽ തട്ടി ചെറുതായി ഒന്ന്
മുറിഞ്ഞു.ട്രെയിൻ എടുത്തതിന്റെ പരിഭ്രമവും,നെറ്റി മുറിഞ്ഞതിന്റെ
പ്രയാസവും അവർ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.അവരെ ചേർത്തു പിടിച്ച് സീറ്റിൽ കൊണ്ടു പോയി ഇരുത്തുമ്പോൾ അറിയാതെ മനസ്സിലെവിടെയോ ഒരു നീറ്റൽ പടർന്നു.അവരുടെ മുറിവ് ഡ്രസ്സ്‌ ചെയ്തു ഒരു സഹയാത്രികയുടെ കടമ എന്നതിൽ കൂടുതൽ എന്തോ ഒരു അടുപ്പം അവരോട്. പതിയെ അപരിചിതത്വത്തിന്റെ മഞ്ഞുരുകി.മകളെ തേടി നടക്കുന്ന ഒരു അമ്മയുടെകഥ അവർക്ക് പറയാനുണ്ടായിരുന്നു. അവരുടെ കണ്ണ് നനയിച്ചോ ഞാൻ...? വേണ്ടായിരുന്നു.അവരെ പഴയതൊന്നും ഓർമ്മിപ്പിക്കേണ്ടായിരുന്നു. "ഞാൻ ഇറങ്ങുന്നു. മോളെ ദൈവം അനുഗ്രഹിക്കും." ആ അമ്മ യാത്ര പറഞ്ഞു.

പാതി തുറന്നിട്ട ജനലിലൂടെ അനുവാദം ചോദിക്കാതെ അകത്തു വന്ന കാറ്റ് എന്റെ മുടിയിഴകളെ തലോടി എങ്ങോട്ടോ പോയി.അടുക്കി വെച്ച പുസ്തകങ്ങൾക്കിടയിൽ സ്വർണ നിറത്തിലുള്ള പുറം ചട്ടയോട് കൂടിയ ഡയറി.അന്ന് യാത്രക്കിടയിൽ ആ അമ്മ മറന്നു വെച്ചതാണ് മകളെ കുറിച്ച് ആകെയുള്ള ഓർമ്മ.അത് തിരികെ കൊടുക്കണം.മനസ്സ് ഒന്നറച്ചെങ്കിലും ഓരോ താളുകൾ എന്റെ മുന്നില് അനുവിന്റെ ചിത്രം വരച്ചിട്ടു.
" സുമതിയോപ്പേ ഞാൻ നാളെ ഇറങ്ങും.കുറച്ചു സ്ഥലങ്ങളിൽ പോകാൻ ഉണ്ട് "
എനിക്ക് വല്ലപ്പോഴും വരാനും കുറച്ചു ദിവസം താങ്ങാനും ഇടം തന്ന
സുമതിയോപ്പ.സഹപാഠിയുടെ അമ്മ എന്നതിൽ കൂടുതൽ ഒരു ബന്ധവും
ഇല്ലാതിരുന്നിട്ടും അവർ എനിക്ക് വെച്ചുവിളമ്പാനും കിടപ്പുമുറിയൊരുക്കാനും ഉത്സാഹിക്കുന്നു.  "ഇനിയും പത്തു ദിവസം കൂടി ഉണ്ടല്ലോ മോളെ അവധി തീരാൻ "സുമതിയോപ്പക്ക് പരിഭവം.അവരും ഒറ്റക്കാണല്ലോ വർഷങ്ങളായിട്ട്‌. " ഇല്ല അത്യാവശ്യം കാര്യം ആയതു കൊണ്ടാ എനിക്ക് പോയെ പറ്റു. ഇനീം വരാല്ലോ  "
ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കിയില്ല സുമതിയോപ്പ കരയുന്നത് കാണാൻ
എനിക്കിഷ്ടമല്ല.

പായൽ പിടിച്ച ഒതുക്കുകൾ കയറുമ്പോൾ അനുവിന്റെ ഡയറിയിലെ വരികൾ മനസ്സിൽ തെളിഞ്ഞു  " ഇന്ന് മുറ്റത്ത് ഞാനും അമ്മേം കൂടെ ഒരു ചെമ്പകം നട്ടു; സ്വർണ്ണ ചെമ്പകം അത് അനുവിന്റെ മുറിയുടെ ജനലിനു നേരെയാ വച്ചിരിക്കുന്നെ..." മുഖം ചെരിച്ചു നോക്കിയതും നിറയെ പൂത്തുലഞ്ഞു നില്ക്കുന്നു ചെമ്പകം.മുറ്റത്തും വരാന്തയിലും കുറച്ചു പേർ സംസാരിച്ചു കൊണ്ടിരിപ്പുണ്ട്. അപരിചിതയായത് കൊണ്ടാവാം എല്ലാരും ചോദ്യ ഭാവത്തിൽ നോക്കി. " അ..മ്മ.." വിക്കി വിക്കി രണ്ടക്ഷരം പുറത്ത് വന്നപ്പോഴേക്കും ആരൊക്കെയോ ചേർന്ന് അകത്തെ മുറിയിലേക്കാനയിച്ചു. കട്ടിലിൽ ഇരുണ്ട വെളിച്ചത്തിൽ ശ്വാസമെടുക്കാൻ കഷ്ട്ടപ്പെടുന്ന ആ രൂപത്തിനോട് കൂട്ടത്തിൽ ആരോ പറഞ്ഞു." യശോധാമ്മേ നിങ്ങടെ മോൾ അനു വന്നു " ഞെട്ടൽ പുറത്ത് കാണിക്കാൻ എനിക്ക് സമയം കിട്ടിയില്ല ആ ശുഷ്കിച്ച വിരലുകൾ എന്റെ വിരലുകളെ മുറുകെ പിടിച്ചു.ആ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ എന്റെ കൈ പൊള്ളിച്ചു. "പാവം അവസാന സമയത്ത് മകളെ ഒന്ന് കാണാൻ പോലും ദൈവം സമ്മതിച്ചില്ല. എല്ലാം കേൾക്കേം മനസിലാക്കേം ചെയ്യും." ആരുടെയൊക്കെയോ വാക്കുകൾ."എന്നാലും ദൈവം മോളെ ഇവിടെ എത്തിച്ചല്ലോ....ആ വയ്യാത്ത ചെക്കന് ഒരുകൂട്ടായല്ലോ....

ആ ഒരു ദിവസം കൊണ്ടാണ് "അരുന്ധതി " "അനു "ആയി മാറിയത്......അവധിക്കാലം കഴിഞ്ഞ് വീൽചെയറിന്റെ സഹായത്താൽ ഉണ്ണിയേട്ടനെയുംകൊണ്ട്‌ തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോൾ ഞാൻ സനാഥയായി കഴിഞ്ഞിരുന്നു.ഒരു കുഞ്ഞനുജത്തിയായി പുനർജ്ജന്മം......

Wednesday, July 2, 2014

ഭാഗ്യദേവത

    ചൂട്ടുകറ്റ പടിക്ക് പുറത്ത് കുത്തിക്കെടുത്തി വാസു മുറ്റത്തേക്ക് കാലെടുത്തു വച്ചു. കാലു മുറ്റത്ത് കുത്തി കുത്തിയില്ല എന്നായതും അയാള്‍ ഒന്ന് ആഞ്ഞു. മുന്നിലോട്ടു മുഖം കുനിഞ്ഞു പോയ വാസു വല്ല വിധേനയും ഞെളിഞ്ഞൊന്ന് നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചു.. ദേ കിടക്കുന്നു.. തലയും കുത്തി താഴെ.. "പ്ധിം.." ചക്ക വെട്ടിയിട്ട പോലെ ശബ്ദം കേട്ടിടാവും ശാന്ത ഓടി വന്നു നോക്കി. ഒരു കൈ നിലത്തൂന്നി മറുകൈകൊണ്ട്‌ ഉടുമുണ്ടും വാരിപ്പിടിച്ചു എണീക്കാന്‍ പാടുപെടുന്നു വാസു...

"ഹെന്റെ മനുഷ്യാ... വല്ല കാര്യോമുണ്ടോ... പകലന്തിയാവോളം പണിയെടുത്തു കിട്ടണ കാശു ഷാപ്പില്‍ കൊടുക്കാനേ ഇങ്ങേര്‍ക്ക് നേരമുള്ളൂ... ന്റെ ഭഗവതീ ന്റെ വിധി..." 

പലതും പറഞ്ഞു കൊണ്ട് അയാളെ എണീപ്പിച്ചു നേരെ കിണറ്റിന്‍ കരയിലെത്തിച്ചു രണ്ടു തൊട്ടി വെള്ളം തലയിലൂടെ ഒഴിച്ച് അയാളെ കുളിപ്പിച്ചെടുത്തു കോലായില്‍ കൊണ്ടിരുത്തി... 
            പഠിച്ചു കൊണ്ടിരുന്ന പുസ്തകം മാറ്റി വച്ച് സൂരജ് എന്ന മൂത്ത പുത്രന്‍ വാതില്‍ക്കല്‍ തല കാണിച്ചു.. കൂടെ ഇളയവള്‍ സൂര്യയും ആര്യയും..കൂട്ടത്തില്‍ കറുമ്പി ആണെങ്കിലും ഐശ്വര്യമുള്ള വട്ടമുഖവും ചിരിക്കുമ്പോള്‍ നുണക്കുഴികള്‍ തെളിഞ്ഞു കാണുന്ന കുഞ്ഞു കവിളുകളും, മുന്തിരിപ്പഴം പോലെ തിളങ്ങുന്ന കുഞ്ഞു കറുത്ത കണ്ണുകളും ഉള്ള സൂര്യക്കുട്ടി.

"അച്ഛന്റെ പൊന്നു ഇങ്ങു വാടാ.." 
കോലായില്‍ കാലുകള്‍ നീട്ടിയിരുന്നു വാസു വിളിച്ചു.വിളിക്ക് കാതോര്‍ത്തു നിന്നതെന്ന പോലെ സൂരജ് ഓടിച്ചെന്നു.അച്ഛന്റെ അടുത്ത് ചേര്‍ന്നിരിക്കുമ്പോഴും അവന്‍ വലതു കയ്യുടെ തള്ള വിരല്‍ നൊട്ടി നുണച്ചു  കൊണ്ടിരുന്നു. 

"അഞ്ചു വയസ്സ് കഴിഞ്ഞു എന്നിട്ടും ചെക്കന് ഇള്ളക്കുട്ടി ആണെന്ന വിചാരം... തൊള്ളേല്‍ന്നു  കയ്യെടുക്കെടാ.." 
ശാന്തയുടെ ശകാരം കൂടി ആയപ്പോള്‍ അവന്‍ ഒന്ന് കൂടെ അച്ഛനോട് ചേര്‍ന്നിരുന്നു.  

"ഇയ്യ് ന്റെ കുട്ട്യോളെ പഠിപ്പിക്കണ്ട ഡീ... അവന്‍ എന്റെ മോനാ..നീ നോക്കിക്കോ ഇനി എന്റെ മക്കള് ഒരു വെലസു വെലസും." പാതി കുഴഞ്ഞതെങ്കിലും വാക്കുകള്‍ ഉറച്ചു തന്നെ പറയുന്നുണ്ടാരുന്നു വാസു.  

"ഓ പിന്നെ വെലസും... ഒരു നേരം കഞ്ഞി കുടിക്കാന്‍ പെടണ പാട് കണ്ടാലറിയാം വെലസും ന്നു.." ശാന്ത കൊള്ളിച്ചു പറഞ്ഞു..  

"അച്ഛന്റെ മക്കളിങ്ങു വാടാ.." മക്കളെ രണ്ടു കൈ കൊണ്ടും അരികില്‍ ചേര്‍ത്ത് പിടിച്ചിരുത്തി അയാള്‍ പറഞ്ഞു തുടങ്ങി... 
"അച്ഛന്റെ മക്കള്‍ക്ക്‌ എന്തൊക്കെയാടാ  അച്ഛന്‍ വാങ്ങി തരണ്ടേ..? മക്കള് പറ.." ..

"അച്ഛാ അച്ഛാ തിങ്കലായ്ച്ച ഇസ്ക്കൊളിലേക്ക് ഫീസ് കൊടുക്കാതെ കയറ്റില്ലെന്ന് പറഞ്ഞു ടീച്ചറ്.. " സൂരജ് അവന്റെ പ്രഥമ ആവശ്യം പറഞ്ഞു.  
"ആഹാ ഏതു ടീച്ചറാ ഡാ  ന്റെ പൊന്നുനോട് അങ്ങനെ പറഞ്ഞെ..? "

"എഡ് ടീച്ചറാ അച്ഛാ കണ്ണട വെച്ച വാസന്തി ടീച്ചറ്.." സൂരജ് പറഞ്ഞൊപ്പിച്ചു.  

"നാളെ മക്കള്‍ക്ക്‌ ഫീസ്‌ ഈ അച്ഛന്‍ തരുമെടാ..."  

"ഉം...ഉം... തരും തരും...കള്ളിന്റെ പൊറത്തുള്ള  ഉറപ്പല്ലേ "
ശാന്ത  കൌണ്ടെര്‍  ഡയലോഗ്സ് മുറയ്ക്ക് പറയുന്നുണ്ട്...  

"അച്ഛാ ഈ അമ്മയെ നമ്മക്ക് വേണ്ട ഈ അമ്മക്ക് പുളിക്കൂട്ടാന്‍ മാത്രേ ഉണ്ടാക്കാന്‍ അറിയൂ.." 
ചോറ് കഴിക്കാതെ തട്ടി മാറ്റിക്കൊണ്ട് സൂര്യക്കുട്ടി ചിണുങ്ങി... 

"പെണ്ണെ കിണ്‌ങ്ങാതെ വല്ലോം വാരിത്തിന്നു കെടക്കാന്‍ നോക്കെടീ.." ശാന്തയുടെ വെരട്ടല്‍ ഏറ്റില്ല എന്ന് മാത്രല്ല.. മുളംതണ്ട് ചീന്തും പോലെ കുഞ്ഞ്‌ കാറിത്തുടങ്ങി.. കുഞ്ഞി കണ്ണുകളില്‍ നിന്നും  മഴപ്പെയ്ത്ത്  പോലെ വെള്ളം ചാടിത്തുടങ്ങി. വാസു അവളെ വാരിയെടുത്ത്‌ മടിയിലിരുത്തി.  

"മോള് നോക്കിക്കോ ഈ അമ്മയെ നമുക്ക് കളയണം... അച്ഛന് നിറയെ കാശു കിട്ടട്ടെ നമുക്ക് എന്നും പായസോം, പപ്പടോം ഒക്കെ ഉണ്ടാക്കാം ട്ടോ.." വിതുമ്പുന്നതിനിടയിലൂടെ  കുഞ്ഞുരുളകള്‍ നുണഞ്ഞു ഇറക്കി കൊണ്ട് സൂര്യക്കുട്ടി തലയാട്ടുന്നുണ്ടാരുന്നു...
           
 "അല്ല എന്താ വിചാരം..? മക്കള്‍ക്ക്‌ നല്ല ഒരു ഉടുപ്പ് പോലും ഇല്ല. കാവിലെ ഉത്സവത്തിന്‌ പോകണം...പോരാത്തേന്  വിഷു ആയില്ലേ എന്തെങ്കിലും വേണ്ടേ..? അപ്പുറത്തെയും   ഇപ്പുറത്തെയും വീട്ടിലെ കുട്ട്യോളൊക്കെ ഇപ്പോഴേ ആഘോഷം തുടങ്ങി... " 

ഒന്നും മിണ്ടാതെ കിടക്കുകയായിരുന്ന വാസു ഒന്ന് തിരിഞ്ഞു കിടന്നു.  

"നീ പേടിക്കണ്ട ഡീ ഇത്തവണ എനിക്ക് നല്ല ഉറപ്പാ.. എല്ലാം നമ്മള്‍ വിചാരിച്ച പോലെ നടക്കും... ഈ വീടിന്റെ മേല്‍ക്കൂര ഒന്ന് പൊളിച്ചു മേയണം... ഹെയ്  എന്തിനാ അങ്ങനെ ആക്കുന്നെ... നമുക്ക് അങ്ങ് വാര്‍ത്തു കളയാം.പിന്നെ വര്‍ഷാവര്‍ഷം മേയുക എന്ന തലവേദന ഇല്ലാലോ... "
അയാളുടെ മുഖത്തേക്ക് അത്ഭുതത്തോടെ   നോക്കി കിടക്കുകയായിരുന്ന ശാന്തയോട്  അയാള്‍ തുടര്‍ന്നു.. 
"നിന്റെ കഴുത്തിലെ ഈ കറുത്ത ചരട് ആദ്യം ഒന്ന് മാറ്റണം. നിനക്കും വേണ്ടെടീ അപ്പുറത്തെ സരസൂന്റെ പോലെ ഒരു താലിമാല നീ പണ്ട് പറഞ്ഞിരുന്നതല്ലേ...? "

"ഒന്ന് പോ മനുഷ്യാ... പാതിരായ്ക്ക് പിച്ചും പേയും പറയാ..? " ശാന്ത കെറുവിച്ചു തിരിഞ്ഞു കിടന്നു.. 

"കുഞ്ഞുട്ട്യെ.." സ്നേഹം കൂടുമ്പോള്‍ വാസു വിളിക്കാറുള്ള വിളി... ശാന്തയ്ക്ക് മനസ് കുളിര്‍ത്തു.  സന്തോഷിക്കാനുള്ള എന്തോ വക ഉണ്ട് അല്ലാതെ മൂപ്പരിങ്ങനെ വിളിക്കേം, പറയേം ഇല്ല. 

"എടി ശാന്തേ... നീ നോക്കിക്കോ ഈ വാസു കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യണില്ലാന്നു  പരാതി അല്ലെ നിന്റെ ആങ്ങളക്ക്...? എടി എടി..എന്റെ മക്കളുടെ ഭാവി ഓര്‍ത്തിട്ടാടീ..  നിന്റേം നമ്മുടെ മക്കളുടെം നല്ലതിനാടീ ഞാന്‍....." 
പറഞ്ഞത് മുഴുവനാക്കാതെ അയാള്‍ ഉറങ്ങിപ്പോയി... ഒരു കുഞ്ഞിനെ പോലെ ചെരിഞ്ഞു കിടന്നുറങ്ങുന്ന അയാളെ പുതപ്പിച്ചിട്ടു ശാന്ത വിളക്കണച്ചു.. 

 കാലത്തെ എണീറ്റ്‌ പല്ല് തേച്ചു കൊണ്ടിരിക്കുന്ന വാസുവിന്റെ അടുത്ത് ചെന്ന് ശാന്ത ശബ്ദം താഴ്ത്തി പറഞ്ഞു. 
"അതേയ് .. മിനിയാന്ന് ബാബു വന്നപ്പോ തന്നതാ ഒരു 100 രൂപ ഉണ്ട് എന്റേല്‍. വെക്കാന്‍ ഒരു മണി അരി ഇല്ല. ഇന്നത്തേക്ക് എങ്ങനെ എങ്കിലും കഴിച്ചു കൂട്ടാം. നാളെ കുട്ട്യോള്‍ക്ക് സ്കൂളില്‍ പോകണ്ടേ..? കൊണ്ടോവാന്‍ ഒന്നും ഇല്ല.മോന് ഫീസും കൊടുക്കണം. അരി വാങ്ങിയിട്ട് ബാക്കി ഫീസ് കൊടുക്കാല്ലോ.." 

അളിയന്റെ സഹായം വാങ്ങിയതില്‍ അവളെ തറപ്പിച്ചൊന്നു നോക്കി എങ്കിലും കാശുവാങ്ങി പോക്കറ്റിലിട്ടു പണി ആയുധങ്ങളുമായി വാസു ഇറങ്ങി. 

"അച്ഛാ മുട്ടായി..." ആര്യ പടിക്കല്‍ വരെ ചിനുങ്ങിക്കൊണ്ട് അനുഗമിച്ചു. 

ചായക്കടയില്‍ പത്രം നോക്കി കൊണ്ടിരിക്കുന്ന ദേവസിയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചാണ് വാസു അന്നത്തെ ഭാഗ്യക്കുറിയുടെ കോളത്തിലൂടെ കണ്ണോടിച്ചത്. 

"എന്താടാ വാസു അടിച്ചോ..?" പേപ്പര്‍ തിരിച്ചു കൊടുക്കുമ്പോള്‍ ദേവസി കളിയായി ചോദിച്ചു.  

"എന്റെ മാവും പൂക്കും അച്ചായാ... " പറഞ്ഞു കൊണ്ട് വാസു ഇറങ്ങി നടന്നു.. 
                                            *                 *                 *
അരി വാങ്ങി നേരത്തെ വീടെത്തണം. വാസു കാലുകള്‍ വലിച്ചു വെച്ച് നടന്നു. കള്ളുഷാപ്പിന്റെ അരികിലൂടെ നടന്നപ്പോള്‍ അറിയാതെ കാലുകള്‍ക്ക് ഭാരം വെച്ച പോലെ... മുന്നോട്ടു നടന്നെങ്കിലും ഏതോ ഉള്‍വിളി കൊണ്ടെന്ന പോലെ വാസു നേരെ ഷാപ്പിനകത്തേക്ക്...  

"ആ വന്നല്ലോ ഭാഗ്യവാന്‍ " ബെഞ്ചിന്റെ അറ്റത്തു ചാരിയിരുന്നു മോന്തുന്ന കേളു വളിച്ച ചിരി ചിരിച്ചു വാസുവിനെ സ്വാഗതം ചെയ്തു. 

"അല്ലെങ്കിലും നമ്മക്കൊക്കെ എങ്ങനെ ഭാഗ്യം വരാനാ അളിയാ.. എല്ലാം മായയല്ലേ...? " രാവിലത്തെ ഭാഗ്യക്കുറിയുടെ ഫലം ഉണ്ടാക്കിയ നിരാശ വാസൂനെ കൊണ്ട് കൂടുതല്‍ കുടിപ്പിച്ചു.  പതിവിലും വിപരീതമായി കിട്ടിയ കൂലിക്ക് മുഴുവന്‍ കുടിച്ചു. ചാഞ്ചാടിക്കൊണ്ട് കേശവേട്ടന്റെ പല ചരക്കുകടയിലേക്ക്. 
                    
"എന്താ വാസ്വേട്ടാ ഇപ്രാവശ്യത്തെ വിഷു ബമ്പര്‍ വേണ്ടേ..? " ട്യൂബ് ലെയിറ്റു പോലെ ചിരിച്ചുകൊണ്ട് രാജു. 

"ഓ എന്തോന്ന് വിഷു ബമ്പര്‍.. കുറെ കാലായില്ലെടാ എനിക്ക് ഫാഗ്യം ഇല്ല.." മുന്നോട്ടാഞ്ഞു കടയുടെ മുന്നിലെ മേശയില്‍ പിടിച്ചു നിന്ന് വാസു പറഞ്ഞു. 

"ഇങ്ങളെ പോലെ ഉള്ളവരൊക്കെ ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ വാസ്വേട്ടാ.. ഇങ്ങള്‍ക്ക്‌ നല്ലൊരു വീട് വെക്കണ്ടേ..? ഇങ്ങളെ കുട്ട്യോളെ വല്യ നെലേല്‍ പഠിപ്പിക്കണ്ടേ..? " 

അതില്‍ വാസു വീണു... അവന്‍ തന്റെ മക്കളെ കുറിച്ച ഓര്‍ത്തു. ഇന്ന് തീപുകഞ്ഞിട്ടുണ്ടാവില്ല തന്റെ വീട്ടില്‍. വിശന്നു തളര്‍ന്നു ഉറങ്ങീട്ടുണ്ടാവും കുട്ടികള്‍.. തന്നെ കാത്തു ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ കാത്തിരിക്കുന്നുണ്ടാവും ശാന്ത. അവളൊരു പാവാ... കെട്ടി കൊണ്ട് വന്ന അന്ന് മുതല്‍ കഷ്ട്ടപ്പെടാന്‍ തുടങ്ങിയതാ. പിന്നെ തന്റെ ഒടുക്കത്തെ കുടിയും... കുടി തുടങ്ങിയത് മനപൂര്‍വം അല്ല. ഒരു ഓപ്പറേഷന്‍ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തന്നെ കൊണ്ട് കഴിയില്ല എന്ന് മനസിലാക്കിയപ്പോഴാണ് കുടിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടത്. ഒരുമിച്ച് ഒരു അന്‍പതിനായിരം രൂപ എവിടന്നുണ്ടാവാന്‍...  

"ഇങ്ങളെന്താണ്  ആലോചിക്കുന്നെ..? " രാജുവിന്റെ ചോദ്യം വാസുവിനെ ഉണര്‍ത്തി. വാസു പോക്കറ്റില്‍ പരതി. രാവിലെ ശാന്ത ഏല്‍പ്പിച്ച 100 രൂപ.അപ്പോള്‍ അരി വാങ്ങിക്കാന്‍...? വാസു ഒന്ന് ശങ്കിച്ചു... ഹെയ്..ഒരു ദിവസത്തെ കാര്യമല്ല എനിക്കെന്റെ മക്കളുടെ ഭാവിയാണ് പ്രധാനം... ഒന്നും മിണ്ടാതെ ആ രൂപ രാജുവിന്റെ കയ്യിലെക്കിട്ടുകൊടുത്ത്‌ വിഷു ബമ്പര്‍ ടിക്കറ്റുമായി  അയാള്‍ മടങ്ങി. 

       ഇല്ല ഈ പ്രാവശ്യം എനിക്ക് തെറ്റില്ല. ഒന്നാം സമ്മാനം എനിക്ക് തന്നെ. അത് കൊണ്ടൊരു വീട് വെക്കണം ആദ്യം. പിന്നെ ന്റെ മക്കളുടെ പേരില്‍ കുറച്ചു കാശു ബാങ്കില്‍ ഇടണം. ശാന്തക്കൊരു പട്ടു സാരി വാങ്ങിക്കൊടുക്കണം. കല്യാണത്തിനു ശേഷം നിറമുള്ള ഒരു തുണി ഉടുത്തു അവളെ താന്‍ കണ്ടിട്ടില്ല. കാതിലും കഴുത്തിലും നിറയെ പൊന്നിട്ട് അവളെ കൊണ്ട് അവളുടെ വീട്ടിലേക്കൊരു പോക്ക് പോകണം. തന്നെ ഇന്ന് പരിഹസിക്കുന്ന അളിയന്റെയും, അമ്മായിയച്ചന്റെയും മുന്‍പില്‍ തലയുയര്‍ത്തി ഒന്ന് നില്‍ക്കണം...

സ്വപ്നങ്ങളില്‍ അയാള്‍ പണിത സ്വര്‍ഗത്തിനെ കണ്ടു ദൈവം പോലും നാണിച്ചിരിക്കും..ഇടറുന്ന പാദങ്ങളില്‍ വേച്ചു വേച്ചു കൊണ്ടാണെങ്കിലും അയാള്‍ നടന്നു തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ... 

(ഈ കഥ അഷ്ട്ടിക്കു വകയില്ലാത്ത സമയത്ത് പോലും ലോട്ടറി ടിക്കറ്റ്‌ എന്ന ഭ്രമത്തില്‍ കുടുങ്ങി കുടുംബത്തെ പട്ടിണിയാക്കുന്ന (ഹത)ഭാഗ്യവാന്മാര്‍ക്ക് വേണ്ടി...ഭാഗ്യദേവത കടാക്ഷിക്കുന്ന  നാളെകളെ സ്വപ്നം കണ്ട് ജീവിക്കാന്‍ മറന്നുപോയ ഇന്നുകളെ ഓര്‍ക്കുക പോലും ചെയ്യാത്ത നിര്‍ഗുണപരബ്രഹ്മങ്ങള്‍ക്ക് വേണ്ടി...)

Sunday, February 24, 2013

ആത്മമിത്രം


ഇല്ല അവര്‍ എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല... 
ഞാന്‍ ഇരുന്ന ഇരുപ്പില്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു... പണ്ടൊക്കെ എന്തായിരുന്നു സ്ഥിതി... 
എന്നും വീടിന്റെ ഉമ്മറത്തെ സ്ഥാനം എനിക്കായിരുന്നല്ലോ.... 
കാരണവരുടെ ഉറ്റമിത്രം ആയതു  കൊണ്ട് ആരും ഭയ ഭക്തിയോടെ അല്ലാതെ തന്നെ   കണ്ടിട്ടില്ല.... 
വാസുദേവക്കൈമളുടെ  സ്ഥാനം.... ബഹു കേമം തന്നെ ആയിരുന്നേ.... പിന്നെ അയാളുടെ ഉറ്റ മിത്രത്തെ  പേടിക്കാതിരിക്ക്യെ....  ആനയെ  മാത്രല്ല തോട്ടിയേം പേടിച്ചിരുന്നു എന്ന് തന്നെ.... 


കസവ് കരയുള്ള മുണ്ടും സദാ മുറുക്കി ചുവപ്പിച്ച വായും... കണിശക്കാരന്‍ ആയിരുന്നെങ്കിലും ... പാവമായിരുന്നു  കൈമള്‍ ...  കൂട്ടുപുരികതിന്റെ  മുകളിലൂടെ  ചാട്ടുളി  പോലത്തെ  ദൃഷ്ട്ടിയുമായി  ഇളമുറക്കാരെ വിറപ്പിച്ചു   നിര്‍ത്തിയിരുന്ന  കൈമള്‍ ... കൈമള്‍ ഇല്ലാത്തപ്പോള്‍ വെറുതെ പൂമുഖത്ത്   അലസമായി സമയം കൊല്ലുന്ന എന്നെയും വണങ്ങിയിരുന്ന കൈമളുടെ പേരമക്കള്‍...  ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വരാനേ തോന്നുന്നില്ല.... 

ഇപ്പോള്‍ ഈ ഇരുട്ടിലെക്കെന്നെ എറിഞ്ഞു കളഞ്ഞവരെ മനസ്സില്‍ ശപിച്ചു.... കൈമളെ വെള്ള പുതപ്പിച്ചു എന്‍റെ മുന്നില്‍ നീട്ടിക്കിടത്തിയപ്പോള്‍ എന്‍റെ ദേഹത്തോട്ട് ആദ്യം പാഞ്ഞു കയറിയത് ഇളയ മകളുടെ അരുമ സന്തതി... നിസ്സഹായനായി ഞാന്‍ നിന്നപ്പോഴും അവര്‍ എന്നെ കണ്ടതായി ഭാവിച്ചില്ല... കാരണവര്‍ പോയില്ലേ ഇനി നിനക്കെന്തിവിടെ കാര്യം എന്ന മട്ടായി കാര്യങ്ങള്‍.. പതിയെ പതിയെ ആരുമാരും ശ്രദ്ധിക്കാതെ ആയിത്തുടങ്ങി...  അടിച്ചു തളിക്കാരി ഒന്ന് മിണ്ടാനും പറയാനും വന്നാലായി അതും ഉമ്മറം അടിച്ചു വാരുന്ന നേരത്ത്.... 

അന്നും പതിവുപോലെ മുറ്റത്ത്‌ വീണു കിടന്ന മാമ്പൂക്കളെ പ്രാകി പറഞ്ഞിട്ട്  അടിച്ചു വാരുകയായിരുന്നു  ദമയന്തി.. നല്ല തടിച്ച ശരീരപ്രകൃതിയാണ് അവള്‍ക്കു... അടിച്ചു തളികാരി ആയതു കൊണ്ട് അവള്‍ക്കു തടി ഉണ്ടാവാന്‍ പാടില്ലേ..? ഇത് നല്ല കഥ... എന്നാലും എന്‍റെ ദമയന്തിയേ, .... എന്‍റെ കൈമള്‍ അദേഹത്തിനെ  കൊണ്ട് നീ കുറേ വായ്‌ നോക്കിപ്പിച്ചു... അറുപതിന്റെ നിറവിലും എന്‍റെ മേല്‍ ചാരിക്കിടന്നു ദമയന്തിയെ നോക്കിയിരുന്നില്ലെങ്കില്‍ അന്നത്തെ ദിവസം ശെരിയല്ല എന്നാ കൈമളുടെ പക്ഷം.... അതൊക്കെ ഒരു കാലം... ഇപ്പൊ ദമയന്തി മക്കളും പേരമക്കളും ഓക്കേ ആയി... "വയ്യാതായി അല്ലേ...? " ചോദിക്കണം എന്നുണ്ടായിരുന്നു ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി.... 

അടിച്ചു വാരിക്കഴിഞ്ഞു എന്‍റെ ചാരത്ത് വന്നവള്‍ കയ്യില്‍ മെല്ലെ തലോടി കണ്ണു നിറഞ്ഞു പോകുമോ എന്ന് ഞാന്‍ പേടിച്ചു...ഇല്ല അവള്‍ അപ്പോഴേക്കും പോയിക്കഴിഞ്ഞു....  

വെകേഷന്‍ ആയെന്നു കുട്ടിപ്പട്ടാളത്തിന്റെ വരവ് കണ്ടപ്പോഴേ മനസ്സിലായുള്ളൂ.. മുന്‍പൊക്കെ കൈമള്‍ അദേഹത്തിന്റെ വായില്‍ നിന്നു കേട്ടിരുന്ന കാര്യങ്ങള്‍.... ഇപ്പൊ കാലം എല്ലാം മാറിയില്ലേ.....  ഒഹ്...  വാനരപ്പട തന്നെ ഒരുത്തന്‍ ഇന്നലെ എന്നെ ഉരുട്ടിയിട്ടു വലതു കൈ ചെറുതായി ഒടിഞ്ഞു.... പരാതി പറഞ്ഞില്ല ആരോടും... മിണ്ടാതിരുന്നു.. ഇളയ മോളുടെ കൂര്‍ത്ത നോട്ടം കണ്ടില്ലാത്ത പോലെ നിന്നു.... "ഇങ്ങനെ മുടക്കാ ചരക്കായി ഇവിടെ കിടക്കണോ..?" എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം... അന്നത്തെ ചര്‍ച്ചാ വിഷയം ഞാന്‍ മാത്രമായിരുന്നല്ലോ അവര്‍ക്ക്... 
പിന്നെ മൂത്തപുത്രന്‍ ആദി എന്ന ആദിത്യന്റെ തീരുമാനം...അതാണിപ്പൊ എന്നെ ഈ ഇരുട്ടിലെക്കെത്തിച്ചത് ... മുറിഞ്ഞ വലതു കൈ മടിയില്‍ ചേര്‍ത്ത് വച് ഞാന്‍ കണ്ണുകളടച്ചു കിടന്നു.... ഇത്തിരി വെളിച്ചം കണ്ടിട്ട്   എത്രയോ നാളുകളായി.... പൊടിയുടെയും മാറാലക്കൂടുകളുടെയും  മടുപ്പിക്കുന്ന ഗന്ധം...  മുഷിഞ്ഞ ഉടുവസ്ത്രം... ഒരിക്കലും കൈമള്‍ എന്‍റെ വസ്ത്രം മുഷിയാന്‍ സമ്മതിച്ചിട്ടില്ല....അത്രക്കായിരുന്നു ആ ബന്ധം... ഇപ്പൊ കണ്ണു നിറഞ്ഞു.... ഓര്‍ക്കണ്ടായിരുന്നു ഒന്നും.... 
ഓര്‍മ്മകളിലെ വസന്തകാലം മനസ്സിനെ മുറിപ്പെടുത്തുന്നു... കൈമള്‍ ഇപ്പോഴും എന്‍റെ ദേഹത്തോട് ചാരി മയങ്ങുന്നു എന്ന് തോന്നുന്നു.... ഒരു ചാരുകസേരക്ക് ഇതില്‍ കൂടുതല്‍ എന്താ സന്തോഷം....? അല്ലേ..?

Thursday, January 10, 2013

അനാമിക - പേരില്ലാത്തവള്‍ അഥവാ പേരുവേണ്ടാത്തവള്‍ഇനിയും താമസിച്ചാല്‍ ഒരു പക്ഷെ അമ്മയെ വിട്ടുപോകാന്‍.., അച്ഛന്റെ സ്നേഹത്തിന്റെ ഊഷ്മളത കണ്ടില്ലെന്നു നടിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നു വരും... 
വേണ്ട തീരുമാനം മാറ്റണ്ട... കുറച്ചു മാസങ്ങളായി മനസ്സിലിട്ട് കൊണ്ടു നടന്ന ഒരു കടംകഥക്ക് ഉത്തരമുണ്ടാകാന്‍ പോകുകയാണോ...
ആര്‍ക്കറിയാം..... പക്ഷെ ഒന്നറിയാം അമ്മ ഇനിയും വേദനിക്കുന്നതു കാണാന്‍ എനിക്ക് വയ്യ... 
അതും ഈ എന്നെ മാത്രം ഓര്‍ത്താണല്ലോ എപ്പോഴും അമ്മയുടെ കണ്ണുകള്‍ നിറയുന്നത്...
സമയമായി... 
ഇപ്പോള്‍ അമ്മയുടെ ഹൃദയം മിടിക്കുന്നത്‌ എനിക്ക് കേള്‍ക്കാം... 
അനുമോളെ....എന്ന് വിളിക്കുകയാണോ എന്ന് തോന്നിപ്പോകും അത്രയും സ്നേഹമസൃണമായിട്ടാണ്  ആ ഹൃദയം സ്പന്ദിക്കുന്നതു പോലും.. എല്ലാവരും എന്നെ കാത്തു നില്‍ക്കുകയായിരിക്കും..
പക്ഷെ കാണുന്ന മാത്രയില്‍ അച്ഛന്‍ മുഖം തിരിക്കില്ലെന്ന്  ആര്‍ക്കറിയാം... അഥവാ അങ്ങനെ സംഭവിച്ചാല്‍ ഉരുകുന്നത് അമ്മയുടെ മനസ്സുതന്നെയാവില്ലേ.... 
ഹൃദയം പൊട്ടിപ്പോകുന്നു. തൊണ്ടപൊട്ടി ഒന്നു കരയണം എന്നു തോന്നിപ്പോകുന്നു...
അമ്മേ മാപ്പ്... ഈ മകളോട് ക്ഷമിക്കു....
പതിയെ തിരിഞ്ഞു കിടന്നു... കണ്ണുകള്‍ ഇറുകെ ചിമ്മി... വഴുക്കുന്ന ചരടറ്റം കഴുത്തില്‍ രണ്ടുമൂന്നാവര്‍ത്തി ചുറ്റി.... മെല്ലെ ഒന്നുകൂടി തിരിഞ്ഞ് അമ്മയുടെ വയറില്‍ ചുണ്ടമര്‍ത്തി...
"അമ്മേ... അനുമോളോട് ക്ഷമിക്കമ്മേ...
ആദ്യമാദ്യം  അമ്മയുടെ വിരലുകളുടെ താളം ചെവിയോര്‍ത്ത്‌ ഞാന്‍ കിടന്നപ്പോഴൊക്കെ എന്നെ കാണാന്‍ നിങ്ങള്‍ കൊതിച്ചതിനേക്കാള്‍ എത്രയോ ഏറെ ഞാനും കൊതിച്ചിരുന്നു..അച്ഛനും അമ്മയും ഒരുമിച്ചു അനുമോളെ എന്നു കൊഞ്ചി വിളിച്ചപ്പോഴൊക്കെ ഞാന്‍ തുള്ളിച്ചാടുകയാണെന്ന് പറഞ്ഞ് അമ്മ എന്നെ സ്നേഹത്താല്‍ ശാസിച്ചിരുന്നു... പിന്നെ എന്തുകൊണ്ടാണമ്മേ അന്നൊരിക്കല്‍ അമ്മ പറഞ്ഞത് ഈ അനുമോളെ വേണ്ടാ എന്ന്... അന്ന് അനുമോള്‍ക്ക് എന്തുമാത്രം വിഷമം തോന്നിയെന്നോ... പിന്നെ അമ്മ തന്നെ അനുമോള്‍ക്ക് കാട്ടിത്തന്നു വാര്‍ത്തകളായി ചിത്രങ്ങളായി അമ്മക്കു മുന്നിലെത്തുന്ന സത്യങ്ങള്‍....അവ  ഞെട്ടലുകലായി അമ്മയില്‍ പടരുന്നതും, തേങ്ങലുകളും പിന്നെ ദീര്‍ഘനിശ്വാസങ്ങളുമായി ഓരോ ദിവസങ്ങളിലും ഈ അനുമോളുടെ സന്തോഷങ്ങളെ തട്ടിയെടുക്കുന്നതും...വയ്യ... ഇത്രയും നാള്‍ കാണാത്ത മകള്‍ക്കുവേണ്ടി അമ്മ ഉള്ളുരുക്കിയില്ലേ... അച്ഛന്റെ നെഞ്ചില്‍ നെരിപ്പോടായി നീറിയില്ലേ... ഇനി വേണ്ട.....
                ***                      ***                 ***
" സോറി മുകുന്ദന്‍.... ഞങ്ങള്‍ ആകും വിധം പരിശ്രമിച്ചു.. പക്ഷെ അവസാന നിമിഷത്തില്‍ യമുനയെ മാത്രമേ..."
മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മുകുന്ദന്‍ അകത്തേക്കോടി.... 
വാടി തളര്‍ന്ന്  കണ്ണുകള്‍ തോരാതെ കിടക്കുകയായിരുന്ന യമുനയെ ചേര്‍ത്തു പിടിച്ചു..
"ബര്‍ത്ത് കോഡ്‌ കഴുത്തില്‍ കുരുങ്ങിയാണ് കുഞ്ഞ്.... പുറകെ എത്തിയ ഡോക്ടര്‍ പൂരിപ്പിച്ചു....
കുഞ്ഞുകണ്ണുകള്‍ തുറന്നു തന്റെ മോള്‍ തന്നെയൊന്നു നോക്കിയിരുന്നെങ്കില്‍.... മുകുന്ദന്റെ കൈകള്‍ വിറച്ചു...
നീലിച്ചു കിടന്ന കുഞ്ഞിന്റെ ഇളം ചുണ്ടില്‍ ഒരു ചിരി തങ്ങി നില്‍ക്കുന്നുണ്ടെന്ന് അപ്പോഴും അവര്‍ക്ക് തോന്നി....
              ***          ***                  ***
"അനുമോളെ... ഈ മണ്ണില്‍ പിറക്കാന്‍ ഇഷ്ടമില്ലാതെ നീ പോയതാണെന്ന് ഈ അമ്മക്കറിയാം...
ഒരുപക്ഷെ നീ ഇന്നുണ്ടായിരുന്നെങ്കില്‍........... 
ഡിസംബര്‍ പതിനാറിലെ വാര്‍ത്ത ആഘോഷിച്ച  പത്രം വായിച്ചു മടക്കി വെച്ച് യമുന നിറഞ്ഞു വന്ന കണ്ണുകള്‍ കൈകൊണ്ടു മൂടി...
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം പതിനൊന്നാം തീയതി കുരുതി  കൊടുക്കപ്പെട്ട ഒരു പെണ്‍ജീവനെ പത്രങ്ങളും, ചാനലുകളും ആഘോഷിച്ച ദിവസങ്ങളില്‍ ഒന്നിലാണ്....
"നമുക്ക്  ഒരു പെണ്‍കുഞ്ഞു വേണ്ട മുകുന്ദേട്ടാ..." എന്ന് കരഞ്ഞു വിളിച്ച് താന്‍ തളര്‍ന്നു വീണത്‌... പിന്നെ ദിവസങ്ങള്‍ക്കുള്ളില്‍ അനാമിക എന്നു പേരിട്ടുവിളിക്കാന്‍ താന്‍ കൊതിച്ച അനുമോള്‍ അമ്മേ എന്നൊന്നു വിളിക്കാന്‍ പോലും നില്‍ക്കാതെ തന്നെ വിട്ടു പോയത്....
അറിയാതെ ഒരു നീര്‍ത്തുള്ളി കണ്‍ കോണിലൂടെ ഊര്‍ന്നിറങ്ങി... അത് ഒപ്പിയെടുക്കാന്‍ എന്ന പോലെ വന്ന കാറ്റിന് അനാമികയുടെ ഗന്ധമുണ്ടായിരുന്നു........
(ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ മരണം സ്വയം വരിക്കട്ടെ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍... ഈ നശിച്ച ലോകം അവര്‍ക്ക് നന്മകള്‍ ഒന്നും തന്നെ കാത്തുവെക്കുന്നില്ല..)

Monday, December 10, 2012

എലികള്‍


ഉമ്മറത്തെ തൂണില്‍ ചാരി കാലും നീട്ടി ഇരിക്കുമ്പോള്‍ ഒരു ജീവിതകാലം മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയുടെ കൊട്ടിക്കലാശം എന്നപോലെ മഴ പെയ്യുന്നുണ്ടായിരുന്നു. ഓട്ടുപാത്രത്തിന്റെ  വിളുമ്പില്‍ തട്ടി ഒരു മഴത്തുള്ളി ചരടറ്റ മുത്തുമാല കണക്കെ ചിതറിപ്പരന്നു. നിഴല്‍ ചിത്രങ്ങള്‍ കോറിയിട്ട നരച്ച ചുവരുകള്‍ക്കരികിലും നിറം മങ്ങിയ പത്തായപ്പടികളിലും തിളങ്ങുന്ന  ചെമ്പന്‍ കണ്ണുകള്‍... കൂര്‍ത്ത ചുണ്ട് നീട്ടി മഴപ്പെയ്ത്തിനെ കൊഞ്ഞനം കാട്ടി പതുങ്ങുന്ന ജന്മങ്ങള്‍..ഹോ നശിച്ച എലികള്‍.....
ഓര്‍മ്മകളിലേക്ക് ബന്ധനങ്ങളുടെ ചരട് കടിച്ചു പൊട്ടിച്ചു കൊണ്ട് കടന്നാക്രമിക്കുന്ന എലികള്‍....

"നീ ഉണര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു... ഞാന്‍ കണ്ട സ്വപ്നത്തിന്റെ ആലസ്യം വിട്ട്  ഉണര്‍ന്നെണീക്കുമ്പോള്‍ ... നീ ഉണര്‍ച്ചയുടെ അലോസരങ്ങള്‍ ഇല്ലാത്തിടത്തായിരുന്നു ... നീ ഉറങ്ങുകയായിരുന്നു..എന്നേക്കുമായി .." ജെന്നി എന്ന ജെന്നിഫെര്‍ എപ്പോഴും എവിടെയും കുറിച്ചിടാറുള്ള വരികള്‍... ജെന്നിഫെര്‍ ... അവള്‍ ഒരു ചുണ്ടെലിക്കുഞ്ഞിനെ  പോലെയായിരുന്നു. കറുത്ത് തിളങ്ങുന്ന മുന്തിരിപ്പഴം പോലെയുള്ള കണ്ണുകള്‍... നനുത്ത മേല്‍ച്ചുണ്ടിനു മേല്‍ പറ്റിക്കിടക്കുന്ന കുഞ്ഞു ചെമ്പന്‍ രോമങ്ങള്‍.. നീണ്ടു മെലിഞ്ഞ വിരലുകള്‍... സദാ ചിലക്കുന്ന ചുണ്ടുകള്‍... എന്നിട്ടും അവളെ വിഷാദത്തിലേക്ക്  തള്ളി വിട്ടത് ഏതു ചെകുത്താനാണാവോ...
ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞു കിടന്ന വഴിയിലൂടെ കൈ കോര്‍ത്തു നടക്കുമ്പോഴെപ്പോഴോ അവള്‍ അവളുടെ കളിക്കൂട്ടുകാരനെ പറ്റി പറഞ്ഞു... എലികള്‍ക്ക് പെരുച്ചാഴികള്‍ ആവാനുള്ള മൂലധനം അവന്‍ വിലപേശി വിറ്റ അവളുടെ നനുത്ത ശരീരത്തിന്റെ വിലയാണെന്ന്  അവളെ പഠിപ്പിക്കുന്നതുവരെ... മറ്റ് എലികളെപ്പോലെ നിയമത്തിന്റെ  വലക്കണ്ണികളെയും നീണ്ടു വരുന്ന മാര്‍ജാരദൃഷ്ടികളെയും, ഒളിച്ചുവെക്കപ്പെടാവുന്ന കെണികളേയും ഓര്‍ത്ത്  അവന്റെ ഭാര്യയാകുന്നത് വരെ... അവള്‍ ചിരിക്കാന്‍ മാത്രമറിയാവുന്നവള്‍... പിന്നീട് പലപ്പോഴും  അവള്‍ ചിരിക്കുന്നതിന്റെ അര്‍ത്ഥം എനിക്കുപോലും പിടികിട്ടിയിരുന്നില്ല.. അവള്‍ അവിടവിടെയായി കോറിയിട്ടിരുന്ന അതേ വരികള്‍ സെമിത്തേരിയിലെ മാര്‍ബിള്‍ ഫലകത്തില്‍ എന്നെ നോക്കി പിന്നെയും ചിരിച്ചു കൊണ്ടിരുന്നു.
ദേവാനന്ദ്‌ എന്ന ദേവന്‍.... അച്ഛന്‍ എന്ന വാക്കിനെയും വ്യക്തിയെയും ഒരുപോലെ വെറുക്കാന്‍ പഠിച്ച... ജീവിതത്തോട് ദുര്‍മുഖം കാട്ടി തിരിച്ചു നടന്ന എലിക്കൂട്ടങ്ങളില്‍ ഒന്ന്.. ജീവിതം എന്നത്  സമര്‍ത്ഥരായ എലികള്‍ക്ക് മാത്രമുള്ളതാണെന്ന് വിശ്വസിച്ച വിഡ്ഢി...അച്ഛനെലി തുരന്നെടുത്ത അമ്മയുടെ ജീവന്‍ നെരിപ്പോട് പോലെ നെഞ്ചില്‍ സൂക്ഷിച്ച് പരിഹാസത്തിന്റെയും അപവാദത്തിന്റെയും അഗ്നിയില്‍ സ്വയം എരിഞ്ഞു തീര്‍ന്നവന്‍... അവനും പ്രതിഷേധിച്ചു " എലികളെ... നിങ്ങള്‍ തുരന്നെടുക്കുവിന്‍ എന്റെ ജീവിതത്തെ.. ജീവനിവിടെ തീരുന്നു.." ജനലഴികള്‍ അവന്റെ മരണത്തിലേക്കും അപവാദങ്ങളുടെ എലിക്കൂട്ടങ്ങളെ അഴിച്ചു വിട്ടു....
ഗീതു... അവള്‍  ഇപ്പോള്‍ എവിടെയാണോ എന്തോ... ശബ്ദം കൊണ്ട് സ്നേഹിക്കാനാവുമെന്നു പഠിച്ചത് അവളുടെ കൊഞ്ചലില്‍ നിന്ന്... മുഖമില്ലാത്ത സ്വപ്നങ്ങളെപ്പോലെ അവള്‍...  "കുഞ്ഞുങ്ങള്‍ മാലാഖമാരാണ്...ഭൂമിയിലെ മാലാഖമാര്‍..." എന്നു പറഞ്ഞത് ആരാവോ... തിരിച്ചറിവാകും മുന്നേ അച്ഛന്‍ ഓര്‍മ്മയായത് ..... ഈ മാലാഖ എന്ത് തെറ്റാണ് ചെയ്തത് . ഉത്തരവാദിത്തങ്ങള്‍ ജ്യേഷ്ഠനെ ഏല്‍പ്പിച്ച് മടങ്ങിയ അച്ഛനെ അവള്‍ക്കറിയുമോ..? ഫോണിന്റെ അങ്ങേതലക്കല്‍ മറുപടി തൊണ്ടയിലുറഞ്ഞു പോയ ഗീതുവിന്റെ വല്ല്യച്ചന്‍... പിന്നെ ഞാനറിഞ്ഞത്... വല്യച്ചനും, നല്ലപാതിക്കും കൂടെ അവള്‍........ എങ്കിലും ഉപ്പോളം വരില്ലെങ്കിലും... അവള്‍ക്കൊരമ്മയാവില്ലെങ്കിലും.... അച്ഛനല്ലെങ്കിലും......
പിച്ചവെച്ചു തുടങ്ങുമ്പോഴേ ജീവനെ കാര്‍ന്നുതിന്നുന്ന എലികളാണ്  ജീവിതം... 
ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്... ഭീരുക്കളെ പോലെ മാളങ്ങളിലേക്ക് തിരിച്ചു കയറുന്ന എലികളെപ്പോലെ ഒരു തിരിച്ചു പോക്ക്.... പക്ഷെ അപ്പോഴൊക്കെയും നീ എന്നെ പഠിപ്പിക്കുകയായിരുന്നു..വര്‍ണ്ണാഭമായ ഉറികളില്‍ തൂങ്ങിയാടുന്ന സ്വര്‍ണ്ണക്കുടങ്ങളിലെ  മധുരമാണ് ജീവിതം എന്നും... തുരന്നുണ്ടാക്കുന്ന ഓരോ വഴികളും നാനാവാതിലുകളിലേക്ക് നയിക്കുന്ന മാന്ത്രികതയാണ് ജീവിതം എന്നും...
ജീവിതകാലം മുഴുവന്‍ വഴികള്‍ തുരന്നിട്ട് കണ്ടെത്താ വാതിലുകള്‍ക്കും... കാണാമറയത്തുള്ള സ്വര്‍ണ്ണക്കുടങ്ങള്‍ക്കും വേണ്ടി പരിഭവിക്കാതെ... ജീവിതസായന്തനത്തിലും നീ കൂടെ ഉണ്ടെങ്കില്‍ എന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ .....പക്ഷെ ഇപ്പോള്‍ തനിച്ചായിപ്പോയ ഒരു എലിക്കുഞ്ഞിന്റെ കണ്ണുനീരെന്റെ ഉള്ളു പൊള്ളിക്കുന്നു..... " ഇനിയില്ല സ്വപ്‌നങ്ങള്‍ ദുഖങ്ങളും വെറും നിസ്സംഗത മാത്രമിന്നീ മനസ്സില്‍... എന്നോ മരിച്ചു മരവിച്ചു പോയൊരു മൌനദുഃഖം മാത്രമിന്നീ മനസ്സില്‍ ......എനിക്കായുപേക്ഷിച്ചു നീയും..."